നാളെ, ഉഷ ടീച്ചർ കുപ്പൂത്ത് സ്കൂളിൽ നിന്ന് വിരമിക്കുകയാണ്.
ദീർഘകാലത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിട വാങ്ങുന്ന ടീച്ചർക്ക് നിറഞ്ഞ മനസ്സോടെ സ്നേഹവും ആശംസകളും നേരുകയല്ലാതെ മറ്റെന്താണ് ഈ പ്രിയപ്പെട്ട ശിഷ്യ ചെയ്യേണ്ടതെന്നറിഞ്ഞുകൂടാ..
ഇന്ന് കൂടി ടീച്ചർ വിളയൂർ യൂണിയൻ എ. എൽ. പി. സ്കൂളിലെ പ്രധാനാധ്യാപികയാണ്.
ടീച്ചർ സർവീസിൽ ഇരിക്കുമ്പോൾ തന്നെ ടീച്ചറെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന ആഗ്രഹത്തിന്റെ പുറത്ത് കുറിയ്ക്കുന്നുവെന്നേയുള്ളൂ, പറഞ്ഞില്ലെങ്കിലും ഇതെല്ലാം ടീച്ചറുടെ മനസ്സിൽ ഉണ്ടെന്ന് എനിക്കറിയാം.
ഇപ്പോഴും ഓർമ്മയുണ്ട്, ഞാൻ കുപ്പൂത്ത് സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പടികടന്നു കയറി വന്ന ദിവസം.
ചെറിയ അങ്കലാപ്പോടെയാണ് സ്കൂളിൽ എത്തുന്നത്.
എല്ലാ അധ്യാപകരെയും അന്ന് ആദ്യമായി കാണുകയാണെങ്കിലും ഉഷ ടീച്ചറെയും വിനോദ് മാഷെയും ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു.
അതിനൊരു കാരണമുണ്ടായിരുന്നു.
പ്രവേശനോൽത്സവത്തിനിടയിൽ എല്ലാ കുട്ടികളുടെയും കൂട്ടത്തിനിടയിലിരുന്ന് പാട്ട് പാടിക്കൊണ്ടിരുന്ന എന്നെ നോക്കി വിനോദ് മാഷ് ഉഷ ടീച്ചറോട് എന്തോ പറഞ്ഞു.
എല്ലാ കുട്ടികളും പാട്ട് ശരിയായി പാടിയപ്പോൾ ഞാൻ മാത്രം തെറ്റായി പാടിയതോ അതല്ലെങ്കിൽ എല്ലാവരും തെറ്റായി പാടിയപ്പോൾ ഞാൻ മാത്രം ശരിയായി പാടിയതോ അങ്ങനെ എന്തോ ആണ്. എന്തായാലും മാഷും ടീച്ചറും എന്നെ കണ്ട കാഴ്ച ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഒന്നാം ക്ലാസ്സിൽ മോഹൻ മാഷിന്റെ ക്ലാസ്സിൽ ആയിരുന്നിട്ടും, മാഷിന് മറ്റു തിരക്കുകൾ ഉള്ളതിനാൽ ഉഷ ടീച്ചർ ആയിരുന്നു എന്റെയും ക്ലാസ്സ് ടീച്ചർ.
എന്നെ ആദ്യാക്ഷരം പഠിപ്പിച്ചതും ടീച്ചർ തന്നെ.
ഒന്നാം ക്ലാസ്സിൽ നിന്ന് രണ്ടാം ക്ലാസ്സിലേയ്ക്ക് ജയിച്ചപ്പോൾ എന്നോടും ഷഹാന ജെബിനോടും ടീച്ചർ ഇനി വരുന്ന ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കാനായി ഞങ്ങളിൽ ആരുടെയെങ്കിലും ടെക്സ്റ്റ് ബുക്ക് ടീച്ചർക്ക് കൊണ്ടു വന്നു തരണമെന്ന് പറഞ്ഞിരുന്നു.
ക്ലാസ്സിലെ മിടുക്കികളും പഠിപ്പിസ്റ്റുകളും ആയിരുന്നത് കൊണ്ട് ഷഹാനയ്ക്കും എനിക്കുമിടയിൽ എപ്പോഴും ഒരു മത്സരം ഉണ്ടായിരുന്നു.
അവളെക്കാൾ ഒന്നാമതാവാൻ ഞാനും, എന്നേക്കാൾ ഒന്നാമതാവാൻ അവളും വാശിയോടെ ശ്രമിക്കുകയും ചെയ്തിരുന്നു.
ടീച്ചർ ബുക്ക് കൊണ്ടുവരാൻ പറഞ്ഞ താമസം, ഞാൻ തിളങ്ങുന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞു ബുക്ക് കൊണ്ടു പോയി.
ഷഹാനയും ബുക്ക് കൊണ്ടു വന്നിരുന്നു.
അന്ന് ടീച്ചർ അവളുടെ ബുക്ക് വാങ്ങിക്കാതെ, എന്റെ ബുക്ക് വാങ്ങിയതു കൊണ്ട് ഒന്നാം ക്ലാസ്സിലെ ടോപ്പർ അവളായിരുന്നിട്ടു കൂടി എനിക്ക് വിഷമം തോന്നിയതേയില്ല.
പിന്നീടങ്ങോട്ട് രണ്ടിലും മൂന്നിലും അവൾ തന്നെയായിരുന്നു ക്ലാസ്സ് ടോപ്പർ. ഞാൻ എപ്പോഴും രണ്ടാം സ്ഥാനത്ത്.
പക്ഷെ, മൂന്ന് വർഷങ്ങൾക്ക് ശേഷം നാലാം ക്ലാസ്സിൽ വെച്ച്, കുപ്പൂത്ത് സ്കൂളിലെ ടോപ്പർ ഞാനായി.
അന്ന് പക്ഷേ രണ്ടു ഡിവിഷൻ ഉണ്ടായിരുന്നു.
എ ഡിവിഷനിലെ എന്റെ ക്ലാസ്സിലെ ടോപ്പർ ഷബീർ ആയിരുന്നു.
ബി ഡിവിഷനിലെ ടോപ്പറെക്കാളും കൂടുതൽ മാർക്ക് ഉള്ളതിനാൽ ആണ് എന്നെ ടോപ്പർ ആയി തിരഞ്ഞെടുത്തത് എന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത്.
ബി ഡിവിഷന്റെ ക്ലാസ്സ് ടീച്ചറായിരുന്നു ഉഷ ടീച്ചർ.
എന്നും രണ്ടാം സ്ഥാനത്തായിരുന്ന എന്നെ മുന്നിലേക്ക് കൈ പിടിച്ചു നടത്തിയത് ടീച്ചറാണ്.
വിളയൂർ സ്കൂളിലും എടപ്പലത്തും ഞാൻ ടോപ്പർ ആയതിന്റെ പുറകിൽ, ടീച്ചർ അന്നെടുത്ത തീരുമാനം തന്നെയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എസ്. എസ്. എൽ. സി. യ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോൾ ടീച്ചർ എനിക്ക് നൽകിയ സമ്മാനം ഏറെ മൂല്യമുള്ളതായിരുന്നു.
നമ്മുടെ രാഷ്ട്ര പിതാവിന്റെ ആത്മകഥ, "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ". പുസ്തകത്തേക്കാളും പക്ഷേ എന്നെ സ്വാധീനിച്ചത് ടീച്ചർ തന്നെയാണ്.
ഒരു സാധാരണ കുടുംബത്തിൽ നിന്ന് മുന്നോട്ട് വന്ന കുട്ടി എന്ന നിലയിൽ ടീച്ചർ നൽകിയ പിന്തുണകൾ ഇപ്പോഴും ഞാൻ ഓർത്ത് വെയ്ക്കാറുണ്ട്.
മറ്റു സ്കൂളുകളിലായിരുന്നിട്ടും ഞാൻ പങ്കെടുത്ത വായനാ മത്സരങ്ങളിൽ, ക്വിസിൽ, പ്രൊജക്റ്റിൽ, ഒരു വിദ്യാർത്ഥിയ്ക്ക് പിന്തുണ വേണ്ട എല്ലാ മേഖലകളിലും ടീച്ചർ, ടീച്ചർക്ക് കഴിയുന്ന പിന്തുണയും സഹായങ്ങളും നൽകിയിട്ടുണ്ട്.
നവശക്തിയിൽ നിന്ന്
ലൈബ്രറി പുസ്തകങ്ങൾ സംഘടിപ്പിച്ചു തന്നും,
ടീച്ചറുടെ കയ്യിലെ മാതൃഭൂമി ആഴ്ചപ്പതിപ്പും പേപ്പർ കട്ടിംഗുകളുമൊക്കെ നൽകിയും ടീച്ചർ എനിക്ക് നൽകിയ കരുതൽ മറ്റൊരു അധ്യാപികയും നൽകിയിട്ടില്ലെന്ന്, നിറഞ്ഞ മനസ്സോടെ, സ്നേഹത്തോടെ, നന്ദിയോടെ ഓർക്കുകയാണ്.
മെഡിക്കൽ എൻട്രൻസ് കിട്ടാതെ വന്നപ്പോൾ, "അതിനെന്താ, അഖില മാത്തമാറ്റിക്സിലും മിടുക്കിയാണല്ലോ.. എഞ്ചിനീയറിംഗും നന്നായി ചെയ്യാൻ പറ്റും " എന്ന് പറഞ്ഞ് എന്റെ സങ്കടങ്ങളെയെല്ലാം ദൂരേക്കളഞ്ഞു ടീച്ചർ.
നന്മ മാത്രമല്ല, ശുഭാപ്തി വിശ്വാസവും ടീച്ചർക്ക് മുതൽക്കൂട്ടാണെന്ന് ഞാൻ അന്നാണ് മനസ്സിലാക്കിയത്.
ഒരു ടീച്ചർ എങ്ങനെയൊക്കെയാവാം എന്നുള്ളതിന് എനിക്ക് ഉത്തമ മാതൃകയാണ് ഉഷ ടീച്ചർ.
നാളെ ഒരു അധ്യാപിക തന്നെയാവാൻ തയ്യാറെടുക്കുന്ന എനിക്ക് റോൾ മോഡലാണ് ടീച്ചർ..
ടീച്ചർക്ക് ഒരു നല്ല വിശ്രമകാലം ആശംസിക്കുന്നു.
.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ